Sunday, January 13, 2013

ഇരുട്ടിന്‍റെ കാവല്‍കാരന്‍

ഇരുട്ടിന്‍റെ കാവല്‍കാരന്‍

അടഞ്ഞവെളിച്ചത്തിന്‍റെ താക്കോല്‍
നീയാണെന്ന് പറയാതെ
ഇരുട്ടില്‍ കട്ടിലിനരികില്‍
കാവലിരുന്നവന്‍ ഞാനായിരുന്നു, വെറുതെ,
ചത്ത ചിത്രശലഭങ്ങളുടെ ചിറകുകള്‍ പെറുക്കിക്കൂട്ടി
നിന്‍റെ മുടിയെന്ന കറുത്ത കടലിനെയും കണ്ട്,
അഗ്രങ്ങളിലെ ഒരായിരം തിരമാലകളില്‍
പുളയുന്ന അനേകം നഗ്നശരീരങ്ങള്‍
അവരില്‍  മറച്ചുപിടിച്ച പുല്ലിംഗങ്ങള്‍


അടഞ്ഞ വാതിലിലാരോ  മുട്ടുന്നതായ്‌ കേള്‍ക്കുന്നു
നിന്‍റെ ഞെരുക്കങ്ങളില്‍, അനക്കങ്ങളില്‍ ഇടയ്ക്കിടെ,
അരുത് തുറക്കരുതെന്നും, അറിയില്ലെനിക്കെന്നും.
തുറക്കണമിന്നെനിക്കത്, പക്ഷെ.
വെളിച്ചവും വ്യക്തിയും കടന്നുവരേണമനുവാര്യം


ചത്ത ചിറകുകള്‍ പെറുക്കിക്കൂട്ടി ഞാന്‍
പുത്തനൊരു താക്കോല്‍ പണിതു ,
ഇരുട്ടില്‍ തപ്പിത്തടഞ്ഞു തുറക്കവെ അവ
പുത്തനൊരു ജീവനായ് പാറിപ്പറന്നു,
കട്ടിലിനരികില്‍ ചെന്നതും, അവളെന്തോ മൊഴിഞ്ഞതും,
വീണ്ടുമവ ചത്തുവീണെന്‍ തട്ടകത്തില്‍
യാതൊന്നുമേ പറയാതെ....