Wednesday, July 20, 2011

ഇലപൊഴിയുമ്പോള്‍...






വെണ്‍നിലാവ്
ഇരുളില്‍ മറഞ്ഞപ്പോഴും,
കനവിനെ അര്‍ബുദം കവര്‍ന്നപ്പോഴും,
പുഞ്ചിരി.....
വേദനിക്കുമോ .....? കരിയിലയെ പതിയെ ചവിട്ടി
ക്ഷമിക്കണം, മറ്റു പാതകളില്ല....
പാദസ്പര്‍ശമേറ്റു...., അവള്‍ നിലവിളിച്ചു,
മൗനം.....
ജീവശ്വാസമേകിക്കരിഞ്ഞുണങ്ങിയ...
നിങ്ങളെ വേദനിപ്പിച്ചതില്‍ ഖേദിക്കുന്നു...
പക്ഷെ...ഓടാതെ പറ്റില്ല.
ഒരന്ഗലാപ്പ്....
ദൈവികതയും മാനവികതയും,
സ്നേഹവും, ബന്ധങ്ങളും....?
കലിയുഗം...
ശപിക്കാത്തവരും ഏറെ.
പ്രണയത്തിനു വാര്‍ധക്യം,
തെറ്റി...തിരുത്തണം...
ബലിതര്‍പ്പണവും കഴിഞ്ഞു...
ദുഖ: ഭാരം ....
കാലടിയിലരക്കപ്പെട്ട ഒരു കരിയില
കൈപ്പിടിയിലായപ്പോള്‍ ഒന്നു നോക്കി.
കണ്ടു.....കൊഴിഞ്ഞ ഒരു നിറയൗവനം.
....എവിടെ മരം ....
നല്ലമരം...പക്ഷെ....
ഇലയില്ല, പച്ചയില്ല, വരണ്ടുണങ്ങി
ജീവവായുനല്‍കാതെ....സമരമാണോ....
......
അല്ല ഒരു കാലമാറ്റം....
വൈകാതെ, പൂക്കും കായ്ക്കും
....നല്ല നിറവസന്തം....
സന്തുലനത്തിനായി....വീണ്ടും എത്തും,
ഒരു ഇലപൊഴിയും കാലം....

Monday, July 18, 2011

ശ്വാനന്‍





പൊടിമണലും എരിഞ്ഞഎണ്ണതന്‍ ഗന്ധവും
ഓടയും, തകര്‍ന്നൊരു കടത്തിണ്ണയും
ഓടിയും നടന്നും തളര്‍ന്നൊരുനേരം
കണ്ടതിന്‍ ചന്തവും ചേതനയും
നിദ്ര.........

ജന്മത്തിനൊരു പഴി
ശ്വാനജന്മത്തിനൊരു പഴി
കാഴ്ചയില്‍ മൂര്‍ച്ചയേറും കല്ലും കരങ്ങളും
പുനര്‍ജന്മത്തിനായൊരു യാചന
ഒരു തേങ്ങല്‍..........

സൃഷ്ടാവിന്‍റെ കൈപ്പിഴയോ
അതോ സൃഷ്ടിതന്‍ മറിമായമോ
ജന്മപാപങ്ങളോ...
നിദ്ര വെടിഞെണീറ്റൊരു നേരം
ഭയാനകം...........

നരജന്മമല്ലേ....! ശ്വാനനല്ലല്ലോ ?
പറയാനില്ല മോഹവും അഭിലാഷവും
കേഴുന്നു...... ഒരു പുനര്‍ജന്മം
ആഗ്രഹങ്ങളില്ലാത്ത ശ്വാനജന്മം.

Friday, July 15, 2011

അവള്‍







വിപത്തുകളെ അവള്‍ക്കു കാണും വിധം
ചുവരുകളില്‍ രേഖപ്പെടുത്തിയിരിക്കുന്നു.
കറിക്കറ പുരണ്ട സാരിത്തലപ്പിലെങ്ങോ
പറയാന്‍ മുറ്റിനിന്നതും ഇതുതന്നെ
ദ്രവിച്ച് ജീര്‍ണിച്ച മച്ചിന്‍ പലകയ്ക്കു താഴെ
പുകമറയ്ക്കുള്ളില്‍ നിന്നും അവളിതെന്നോട് പറയുന്നുണ്ടായിരുന്നു .

ഇലച്ചൂടിന്‍റെ സത്തിനെ സാക്ഷിനിര്‍ത്തി
ഒരു ദിനാന്ത്യത്തിന്‍റെ സാകഷ്യപ്പെടുത്തലിലൂടെ കണ്ണോടിച്ചപ്പോള്‍
ചെറുതായനുഭവപ്പെട്ട ശാരീരികവേദനപോലും
അവള്‍ സൂചിപ്പിച്ച കാലമാറ്റത്തിന്‍റെതായേക്കാം
അന്യാധീനപ്പെട്ടുപോയ യൗവനത്തില്‍നിന്നും
പ്രതീക്ഷകളുടെ വാര്‍ധക്യത്തിലേക്കുള്ള കാലമാറ്റം

അവള്‍ സ്വപ്നങ്ങളെ എഴുതി സൂക്ഷിച്ചിരുന്നിരിക്കണം
രക്തക്കറയെ സസൂക്ഷ്മം വീക്ഷിച്ച നാളുകളിലെങ്ങോ-
രഹസ്യമായ് പുസ്തകത്താളുകളിലൊന്നുമിത് രേഖപ്പെടുത്തിയിട്ടില്ല
ഒരു നേരമ്പോക്കിനെന്നോണം രവിയോടും നീലിയോടു പോലും
(വീട്ടിലെ സുപരിചിതമായ രണ്ടു ഗൌളിക്ക് അവളിട്ട പേര് )
അവളിതു പറഞ്ഞിട്ടുണ്ടാവില്ല

കണ്ണാടിയിലെ മൂന്ന് പൊട്ടുകള്‍ക്കിടയില്‍
ശംഖൊലി കേട്ടുണരാത്ത പ്രഭാതങ്ങളില്‍
എണ്ണ തൂവാത്ത മുടിയിഴകളിലെ ജരാനരകളില്‍
ഏറെ നേരം സംസാരിച്ചിരിക്കാത്ത മൗനത്തില്‍
അവള്‍ പറഞ്ഞ കാലമാറ്റത്തെ ദര്‍ശിച്ചു

ഒരുപക്ഷെ അവള്‍ക്കു പറയാനുള്ളതൊക്കെയും
അവള്‍ക്കു മാത്രം മനസ്സിലാവുന്ന ഭാഷയിലിവിടെ ചിതറിക്കിടന്നിരിക്കണം
മുഷിഞ്ഞ വസ്ത്രങ്ങളിലും കറിക്കൂട്ട്‌കള്‍ക്കിടയിലും
കിടപ്പറയ്ക്കരികിലെ അലമാരയ്ക്കത്തും
അതിലെ വാക്കുകള്‍ ചിതറിക്കിടക്കുന്നുണ്ടാവണം

അവളിലെ ഭാവുകത്വത്തെ സ്വാംശീകരിക്കാനുള്ള വ്യഗ്രതയില്‍
സസൂക്ഷ്മം അവയൊക്കെ കൂട്ടിവായിക്കുമ്പോഴും
ചില വാക്കുകള്‍ ഇടയില്‍ വച്ച് മുറിഞ്ഞുപോയിരിക്കുന്നു
ഒരു പക്ഷെ ....അവയൊക്കെ എഴുതിയത്
എന്‍റെ ഹൃദയത്തിലാവാം.......

Wednesday, June 15, 2011






ഉറങ്ങിപ്പോയതെപ്പോഴെന്നറിയില്ല
ബാഹ്യമായ തേങ്ങലിനൊടുവില്‍
അവര്‍ക്ക് കട്ടിലൊഴിഞ്ഞുകിട്ടിയേക്കാം.
സംഭോഗത്തിനനന്തരം ശാന്തതയിലെന്നപോലെ
ധമനികളില്‍ രക്ത വേഗത്തിന്മാറ്റമുണ്ടായേക്കാം.
ചുറ്റിലും നിന്നവരോട് മാറിനില്‍ക്കാന്‍ പറയണം
ചെറു ജാലകത്തിനപ്പുറം ആ മാവിനെന്തുപറ്റിയെന്നറിയണം
എങ്കിലുമെനിക്കറിയാം....
ഞാന്‍ അത്യാസന്ന നിലയിലാണ്.

ആര്‍ത്തവവിരാമം

വാര്‍ധക്യത്തിലുമവളില്‍ കാന്തി ജ്വലിച്ചിരുന്നിരിക്കണം
അല്ലെങ്കിലീ വൈകിയ വേളയിലവള്‍ പൂത്തതെന്തിന് ?
കാലം തെറ്റി വന്ന തെക്കന്‍ കാറ്റിലും കൂരിരുട്ടിലെ പേമാരിയിലും
ഈ ചെറുപുഷ്പ്പങ്ങളെ കാത്തീടുവാന്‍
അവളെക്കൊണ്ടാവുമോ .
അവളില്‍ ആര്‍ത്തവവിരാമം സംഭവിച്ചെ
ന്ന്
ഭോഗിച്ചവന്‍ അചഞ്ചലമായി കരുതിയിരിക്കണം

തണലായിരുന്നവള്‍

അവളുടെ സിരകളില്‍ കാമാര്‍ത്തിയുണ്ടായിരുന്നു
വിശന്ന വയറുകള്‍ക്ക്‌ അനേകം
നികളാല്‍
അവള്‍
മധുരമൂട്ടിയിരുന്നിരിക്കണം
അനേകം കൈകളാല്‍ തണലായും താരാട്ടായും വിളങ്ങിയിരുന്നു.
യൗവനം അവള്‍ക്കുത്സവമായിരുന്നു

പ്രണയകാലം

ഇലകള്‍ തളിരിട്ടപ്പോള്‍
തണലായ്‌ നിന്നവനുണ്ടായിരുന്നു
അവള്‍ക്കറിയണമായിരുന്നു,
അവന്‍റെ നിസ്സീമമായ സ്നേഹം
കാലം വേര്‍പെടുത്തിയതെന്തിന് ?

അഞ്ജാതമായവ

അവളുടെ പിറവി ഇന്നും അഞ്ജാതമാണ്
ഏതു മലന്ജെരുവിലാണെന്നതു
ഏന്തി വന്ന കാറ്റിനു പോലുമറിയല്ല .
കണ്ണീരു പോലെവന്ന ചാറ്റല്‍മഴക്കും
അവളുടെ അച്ഛനമ്മമാരെക്കുറിച്ച് യാതൊന്നുറിയില്ല .




Tuesday, June 14, 2011




ഉടയാടകളെ
ഓര്‍ത്തവളില്‍ തെല്ലും ദുഖമില്ല
ഒരു പൊന്‍ പുലരിയില്‍
അവളീ ചെറു തടാകത്തിലിറങ്ങിയതോര്‍ക്കുന്നു
പരപ്പിലെ ഇളം പുല്‍തകിടിയിലെ
ഉടയാടകള്‍ക്കു നാണം വന്നോ ആവൊ ?

തെല്ലും ലജ്ജിക്കാതെ കടന്നുവന്ന
അജ്ഞാതനായ തസ്കരന്‍
വസ്ത്രങ്ങളൊന്നൊന്നായി അപഹരിച്ചു
നഷ്ടപെടലുകളെ മുന്‍കൂട്ടി കണ്ടറിയുന്ന അവള്‍
എന്തിനീ പൊയ്കയിലിറങ്ങി ?
താമരപൂക്കളുടെ നയന മഹോത്സവമില്ല ,
അരയന്നങ്ങളുടെ കൂട്ടുചേരലുകളില്ല .
ഏകാന്തതയില്‍ പുലരുന്ന വന്യമായ ഭീതി മാത്രം.

ഒരു പക്ഷേ വരാനുള്ള രാത്രി
അവള്‍ക്കു പൂര്‍ണ്ണ സഞ്ചാര സ്വാതന്ത്ര്യം നല്കിയേക്കാം
നേരം പുലരും മുന്‍പ് ലകഷ്യം കണ്ടെത്താം .
നഗ്നതക്കിരുട്ടിനാലുടയാട തീര്‍ത്തു
വളരെ വളരെ സാവധാനം സഞ്ചരിക്കാം
എന്നാല്‍ ....
ദീര്‍ഘദൃഷ്ടിയിലവള്‍ കണ്ടറിഞ്ഞ സത്യം
ഞാനിവിടെ വ്യക്തമാക്കട്ടെ ,
വരാനുള്ളതൊരു പൗര്‍ണമി രാത്രിയായിരുന്നു .