Tuesday, June 14, 2011




ഉടയാടകളെ
ഓര്‍ത്തവളില്‍ തെല്ലും ദുഖമില്ല
ഒരു പൊന്‍ പുലരിയില്‍
അവളീ ചെറു തടാകത്തിലിറങ്ങിയതോര്‍ക്കുന്നു
പരപ്പിലെ ഇളം പുല്‍തകിടിയിലെ
ഉടയാടകള്‍ക്കു നാണം വന്നോ ആവൊ ?

തെല്ലും ലജ്ജിക്കാതെ കടന്നുവന്ന
അജ്ഞാതനായ തസ്കരന്‍
വസ്ത്രങ്ങളൊന്നൊന്നായി അപഹരിച്ചു
നഷ്ടപെടലുകളെ മുന്‍കൂട്ടി കണ്ടറിയുന്ന അവള്‍
എന്തിനീ പൊയ്കയിലിറങ്ങി ?
താമരപൂക്കളുടെ നയന മഹോത്സവമില്ല ,
അരയന്നങ്ങളുടെ കൂട്ടുചേരലുകളില്ല .
ഏകാന്തതയില്‍ പുലരുന്ന വന്യമായ ഭീതി മാത്രം.

ഒരു പക്ഷേ വരാനുള്ള രാത്രി
അവള്‍ക്കു പൂര്‍ണ്ണ സഞ്ചാര സ്വാതന്ത്ര്യം നല്കിയേക്കാം
നേരം പുലരും മുന്‍പ് ലകഷ്യം കണ്ടെത്താം .
നഗ്നതക്കിരുട്ടിനാലുടയാട തീര്‍ത്തു
വളരെ വളരെ സാവധാനം സഞ്ചരിക്കാം
എന്നാല്‍ ....
ദീര്‍ഘദൃഷ്ടിയിലവള്‍ കണ്ടറിഞ്ഞ സത്യം
ഞാനിവിടെ വ്യക്തമാക്കട്ടെ ,
വരാനുള്ളതൊരു പൗര്‍ണമി രാത്രിയായിരുന്നു .

4 comments: