Wednesday, July 20, 2011

ഇലപൊഴിയുമ്പോള്‍...






വെണ്‍നിലാവ്
ഇരുളില്‍ മറഞ്ഞപ്പോഴും,
കനവിനെ അര്‍ബുദം കവര്‍ന്നപ്പോഴും,
പുഞ്ചിരി.....
വേദനിക്കുമോ .....? കരിയിലയെ പതിയെ ചവിട്ടി
ക്ഷമിക്കണം, മറ്റു പാതകളില്ല....
പാദസ്പര്‍ശമേറ്റു...., അവള്‍ നിലവിളിച്ചു,
മൗനം.....
ജീവശ്വാസമേകിക്കരിഞ്ഞുണങ്ങിയ...
നിങ്ങളെ വേദനിപ്പിച്ചതില്‍ ഖേദിക്കുന്നു...
പക്ഷെ...ഓടാതെ പറ്റില്ല.
ഒരന്ഗലാപ്പ്....
ദൈവികതയും മാനവികതയും,
സ്നേഹവും, ബന്ധങ്ങളും....?
കലിയുഗം...
ശപിക്കാത്തവരും ഏറെ.
പ്രണയത്തിനു വാര്‍ധക്യം,
തെറ്റി...തിരുത്തണം...
ബലിതര്‍പ്പണവും കഴിഞ്ഞു...
ദുഖ: ഭാരം ....
കാലടിയിലരക്കപ്പെട്ട ഒരു കരിയില
കൈപ്പിടിയിലായപ്പോള്‍ ഒന്നു നോക്കി.
കണ്ടു.....കൊഴിഞ്ഞ ഒരു നിറയൗവനം.
....എവിടെ മരം ....
നല്ലമരം...പക്ഷെ....
ഇലയില്ല, പച്ചയില്ല, വരണ്ടുണങ്ങി
ജീവവായുനല്‍കാതെ....സമരമാണോ....
......
അല്ല ഒരു കാലമാറ്റം....
വൈകാതെ, പൂക്കും കായ്ക്കും
....നല്ല നിറവസന്തം....
സന്തുലനത്തിനായി....വീണ്ടും എത്തും,
ഒരു ഇലപൊഴിയും കാലം....

Monday, July 18, 2011

ശ്വാനന്‍





പൊടിമണലും എരിഞ്ഞഎണ്ണതന്‍ ഗന്ധവും
ഓടയും, തകര്‍ന്നൊരു കടത്തിണ്ണയും
ഓടിയും നടന്നും തളര്‍ന്നൊരുനേരം
കണ്ടതിന്‍ ചന്തവും ചേതനയും
നിദ്ര.........

ജന്മത്തിനൊരു പഴി
ശ്വാനജന്മത്തിനൊരു പഴി
കാഴ്ചയില്‍ മൂര്‍ച്ചയേറും കല്ലും കരങ്ങളും
പുനര്‍ജന്മത്തിനായൊരു യാചന
ഒരു തേങ്ങല്‍..........

സൃഷ്ടാവിന്‍റെ കൈപ്പിഴയോ
അതോ സൃഷ്ടിതന്‍ മറിമായമോ
ജന്മപാപങ്ങളോ...
നിദ്ര വെടിഞെണീറ്റൊരു നേരം
ഭയാനകം...........

നരജന്മമല്ലേ....! ശ്വാനനല്ലല്ലോ ?
പറയാനില്ല മോഹവും അഭിലാഷവും
കേഴുന്നു...... ഒരു പുനര്‍ജന്മം
ആഗ്രഹങ്ങളില്ലാത്ത ശ്വാനജന്മം.

Friday, July 15, 2011

അവള്‍







വിപത്തുകളെ അവള്‍ക്കു കാണും വിധം
ചുവരുകളില്‍ രേഖപ്പെടുത്തിയിരിക്കുന്നു.
കറിക്കറ പുരണ്ട സാരിത്തലപ്പിലെങ്ങോ
പറയാന്‍ മുറ്റിനിന്നതും ഇതുതന്നെ
ദ്രവിച്ച് ജീര്‍ണിച്ച മച്ചിന്‍ പലകയ്ക്കു താഴെ
പുകമറയ്ക്കുള്ളില്‍ നിന്നും അവളിതെന്നോട് പറയുന്നുണ്ടായിരുന്നു .

ഇലച്ചൂടിന്‍റെ സത്തിനെ സാക്ഷിനിര്‍ത്തി
ഒരു ദിനാന്ത്യത്തിന്‍റെ സാകഷ്യപ്പെടുത്തലിലൂടെ കണ്ണോടിച്ചപ്പോള്‍
ചെറുതായനുഭവപ്പെട്ട ശാരീരികവേദനപോലും
അവള്‍ സൂചിപ്പിച്ച കാലമാറ്റത്തിന്‍റെതായേക്കാം
അന്യാധീനപ്പെട്ടുപോയ യൗവനത്തില്‍നിന്നും
പ്രതീക്ഷകളുടെ വാര്‍ധക്യത്തിലേക്കുള്ള കാലമാറ്റം

അവള്‍ സ്വപ്നങ്ങളെ എഴുതി സൂക്ഷിച്ചിരുന്നിരിക്കണം
രക്തക്കറയെ സസൂക്ഷ്മം വീക്ഷിച്ച നാളുകളിലെങ്ങോ-
രഹസ്യമായ് പുസ്തകത്താളുകളിലൊന്നുമിത് രേഖപ്പെടുത്തിയിട്ടില്ല
ഒരു നേരമ്പോക്കിനെന്നോണം രവിയോടും നീലിയോടു പോലും
(വീട്ടിലെ സുപരിചിതമായ രണ്ടു ഗൌളിക്ക് അവളിട്ട പേര് )
അവളിതു പറഞ്ഞിട്ടുണ്ടാവില്ല

കണ്ണാടിയിലെ മൂന്ന് പൊട്ടുകള്‍ക്കിടയില്‍
ശംഖൊലി കേട്ടുണരാത്ത പ്രഭാതങ്ങളില്‍
എണ്ണ തൂവാത്ത മുടിയിഴകളിലെ ജരാനരകളില്‍
ഏറെ നേരം സംസാരിച്ചിരിക്കാത്ത മൗനത്തില്‍
അവള്‍ പറഞ്ഞ കാലമാറ്റത്തെ ദര്‍ശിച്ചു

ഒരുപക്ഷെ അവള്‍ക്കു പറയാനുള്ളതൊക്കെയും
അവള്‍ക്കു മാത്രം മനസ്സിലാവുന്ന ഭാഷയിലിവിടെ ചിതറിക്കിടന്നിരിക്കണം
മുഷിഞ്ഞ വസ്ത്രങ്ങളിലും കറിക്കൂട്ട്‌കള്‍ക്കിടയിലും
കിടപ്പറയ്ക്കരികിലെ അലമാരയ്ക്കത്തും
അതിലെ വാക്കുകള്‍ ചിതറിക്കിടക്കുന്നുണ്ടാവണം

അവളിലെ ഭാവുകത്വത്തെ സ്വാംശീകരിക്കാനുള്ള വ്യഗ്രതയില്‍
സസൂക്ഷ്മം അവയൊക്കെ കൂട്ടിവായിക്കുമ്പോഴും
ചില വാക്കുകള്‍ ഇടയില്‍ വച്ച് മുറിഞ്ഞുപോയിരിക്കുന്നു
ഒരു പക്ഷെ ....അവയൊക്കെ എഴുതിയത്
എന്‍റെ ഹൃദയത്തിലാവാം.......