Monday, August 22, 2016

അവൾ എന്റെ സുരയ്യ ...കണ്ണനെ തേടിപ്പോയവൾ

അവൾ എന്റെ സുരയ്യ ...കണ്ണനെ തേടിപ്പോയവൾ

നിന്റെ ഇരുട്ട് , അതിനെന്നും കാമത്തിന്റെ വെളിച്ചം 
നീ ലോകത്തോടു ചിരിച്ചു, ചുവരിനോടു കരഞ്ഞു 
സകല ബോധാന്തരങ്ങൾക്കുമപ്പുറം അവൾ ചോദിച്ചു 
"ചൊല്ലു കണ്ണാ , നിന്റെ തുടയും കാലുമെനിക്കെന്നും 
ശുദ്ധ ശൂന്യസ്ഥലം, ബോധോദയം  തരിക 
എത്ര വർഷം കണ്ണുനീർ..??? എത്ര രാത്രികളിൽ -
വളകൾ പൊട്ടിച്ചടുക്കി ഗംഗയെ കാണും ഞാൻ...???

മറവിയിൽ മരിച്ച മൂന്നു ഗോപാലന്മാർ
ചെറുതാണെങ്കിലും ഞാനവരെ വൃദ്ധ നേത്രങ്ങളാൽ കണ്ടു
അലകടലിനെ തൊടാതെയെൻ ഉപ്പുരസം പറ്റിയ വിരലുകൾ
കാമം രസിച്ചു കണ്ണീരിനാൽ അവൾ വീണ്ടും ചോതിച്ചു
"കണ്ണാ ....കറുത്തതാണോ വെളുത്തതാണോ പ്രണയം..??? "
പൂമുഖത്തിണ്ണയിലെവിടെയോ നിലാവിൽ നിശയിൽ
വാതിലിനിടയിലൂടെ കണ്ണൻ അവളിലേക്ക്‌ നൃത്തം ചെയ്തു
കാമം പടർത്തുന്നു , കൈകളനക്കുന്നു, കരവിരുത് കാട്ടുന്നു .


അലകടൽ ,ആകാശം അതിനപ്പുറം മാംഗല്യം -
കണ്ണൻ മൊഴിഞ്ഞു , അവൾ ചിരിച്ചു
മുറികളിരുണ്ണ്ടു, നിലാവണഞ്ഞു , അവനെന്റെ മാറിലമർന്നു.
തൊടുകയാണവൾ കടലിനെ, വിരലിനാൽ മണലിനെ
സത്യബോധോധയം കണ്ണൻ വന്നില്ല ,
എത്രമേൽ കരഞ്ഞു ഞാൻ , യാചിച്ചു
നിന്റെ തുടയും നിലാവും പൊട്ടിയമർന്ന വളകളുമില്ലിനി
പ്രണയവും കാമവും മറന്നരാവുകളിൽ അവൾ ചോതിച്ചു
"കണ്ണാ ...കാലുകളാൽ തുടകളാൽ കാമം കാട്ടുകനീ ..!!! "

Saturday, March 23, 2013

പൊരുത്തക്കേടുകൾ

പൊരുത്തക്കേടുകൾ

ആത്മബലിയിലുമെന്നിലെ നിന്നിലും, ഞാൻ കണ്ടതു
പൊരുത്തക്കേടുകൾ  മാത്രമാണ്,
അന്വോന്യം ഘാടാലിംഗനം ചെയ്യവേ,
ചുംബിക്കാൻ മറന്ന രാവുകളെ പോലെ...
പുലർവേളയെക്കിനാവു കണ്ടു കിടന്ന,
പുതപ്പിനുള്ളിലിരു വിടവുകളെ പോലെ.
എന്നിലെ വ്യഥ കരിന്തിരി കത്തുന്നത്,
നിനക്കു കാണാമായിരുന്നു
ഒരു കുറ്റവാളിയെപോലെ, അതുണ്ടാക്കുന്ന തമസ്സിൽ
ഇരിക്കുക മാത്രമാണ് നീ ചെയ്തത്
നിറ വയറുമായി നിൽക്കവെ ,
കരഞ്ഞ മുഖമുള്ള കളിപ്പാവകളെ  തേടിഞാനലഞ്ഞു
നിനക്കു ചുറ്റുമതു കൂട്ടിവയ്ക്കുവാൻ,
നിന്നിലെ പുഞ്ചിരിയെ കണ്ടെത്തുവാൻ.

 നീ ചുവരിലുറപ്പിച്ച ഘടികാരങ്ങളുണർന്നിരുന്നു
നിദ്രാവിഹീനമായവയെന്നിൽ പാദസേവ ചെയ്തു
അസ്തമയങ്ങളിലെവിടെയോ നീ സന്തോഷിച്ചു
അവശേഷിച്ച ഒരു തുള്ളി മദ്യം ചെടിച്ചുവട്ടിലുഴിച്ചു .
നീ ലയനങ്ങളെ പ്രണയിച്ചു ,
ഞാനതി ൻറെ പൊരുൾ തേടി നടന്നു
നീ എന്റെ നഗ്നതയെ കണ്ടില്ല.
ഞാനിനി ഉടയാടകളെ തിരയട്ടെ.....
നിരത്തി വച്ച പോരുത്തക്കേടുകളുരച്ചു നോക്കുന്നു
കാലത്തിന്റെ കയങ്ങളിലേക്ക് വലിച്ചെറിയുന്നു .
 
  

Sunday, January 13, 2013

ഇരുട്ടിന്‍റെ കാവല്‍കാരന്‍

ഇരുട്ടിന്‍റെ കാവല്‍കാരന്‍

അടഞ്ഞവെളിച്ചത്തിന്‍റെ താക്കോല്‍
നീയാണെന്ന് പറയാതെ
ഇരുട്ടില്‍ കട്ടിലിനരികില്‍
കാവലിരുന്നവന്‍ ഞാനായിരുന്നു, വെറുതെ,
ചത്ത ചിത്രശലഭങ്ങളുടെ ചിറകുകള്‍ പെറുക്കിക്കൂട്ടി
നിന്‍റെ മുടിയെന്ന കറുത്ത കടലിനെയും കണ്ട്,
അഗ്രങ്ങളിലെ ഒരായിരം തിരമാലകളില്‍
പുളയുന്ന അനേകം നഗ്നശരീരങ്ങള്‍
അവരില്‍  മറച്ചുപിടിച്ച പുല്ലിംഗങ്ങള്‍


അടഞ്ഞ വാതിലിലാരോ  മുട്ടുന്നതായ്‌ കേള്‍ക്കുന്നു
നിന്‍റെ ഞെരുക്കങ്ങളില്‍, അനക്കങ്ങളില്‍ ഇടയ്ക്കിടെ,
അരുത് തുറക്കരുതെന്നും, അറിയില്ലെനിക്കെന്നും.
തുറക്കണമിന്നെനിക്കത്, പക്ഷെ.
വെളിച്ചവും വ്യക്തിയും കടന്നുവരേണമനുവാര്യം


ചത്ത ചിറകുകള്‍ പെറുക്കിക്കൂട്ടി ഞാന്‍
പുത്തനൊരു താക്കോല്‍ പണിതു ,
ഇരുട്ടില്‍ തപ്പിത്തടഞ്ഞു തുറക്കവെ അവ
പുത്തനൊരു ജീവനായ് പാറിപ്പറന്നു,
കട്ടിലിനരികില്‍ ചെന്നതും, അവളെന്തോ മൊഴിഞ്ഞതും,
വീണ്ടുമവ ചത്തുവീണെന്‍ തട്ടകത്തില്‍
യാതൊന്നുമേ പറയാതെ....   
   
     

Thursday, August 16, 2012









യൗവ്വനം

ദിശാബോധമില്ലാത്ത  നീര്‍ചാലുകള്‍,
അവ ദിക്കിന്‍റെ  ദീര്‍ഘമായ കാലാന്തരത്തെ  പ്രണയിച്ചു 
ഒഴുകിത്തീര്‍ന്ന ഓര്‍മകളിലെ ഒരു വിളിപ്പാടകലെ 
ഒരു കൂട്ടം വളപ്പാട്ടുകളെ ഉപേക്ഷിച്ചു.
കുളിച്ചു കയറിയ പടവുകളിലെ  നാണമായ്തീര്‍ന്നപോലെന്‍
നിറയൗവ്വനത്തില്‍ നീരാടിയ വികാരവായ്പുകളെ 
നിനച്ചെടുപ്പത്  നിറമേറുന്നു,
നിളയില്‍  നിശയില്‍ നിന്‍റെ നിര്‍മലസ്മരണയില്‍
ഒരു വ്യാഴവട്ടം  ഞാന്‍ നിറഞ്ഞൊഴുകിയൊരോര്‍മ്മ...


വാര്‍ധക്യം 

നിരായുധനെന്ന് പറയാനറിയാത്തവനെന്നരികിലുണ്ടെന്ന്‍
നിരന്തരമായ നിരാകരണങ്ങള്‍ക്കുശേഷം പറയട്ടെ
നീയും ഞാനും  മുറിഞ്ഞുപോയ കാലാന്തരത്തെപ്പറ്റി 
മറ്റൊന്നിലേക്കലിയുമ്പോള്‍ ഓര്‍ക്കട്ടെ.
വിധിയെന്ന് വ്യധയെ പഴിക്കുന്ന നിശയില്‍
വരണ്ട ചാലുകളിലേക്ക്   നോട്ടമയക്കുന്നു
ദിശാബോധമില്ലെന്ന യാഥാര്‍ത്യത്തില്‍... 


Wednesday, July 20, 2011

ഇലപൊഴിയുമ്പോള്‍...






വെണ്‍നിലാവ്
ഇരുളില്‍ മറഞ്ഞപ്പോഴും,
കനവിനെ അര്‍ബുദം കവര്‍ന്നപ്പോഴും,
പുഞ്ചിരി.....
വേദനിക്കുമോ .....? കരിയിലയെ പതിയെ ചവിട്ടി
ക്ഷമിക്കണം, മറ്റു പാതകളില്ല....
പാദസ്പര്‍ശമേറ്റു...., അവള്‍ നിലവിളിച്ചു,
മൗനം.....
ജീവശ്വാസമേകിക്കരിഞ്ഞുണങ്ങിയ...
നിങ്ങളെ വേദനിപ്പിച്ചതില്‍ ഖേദിക്കുന്നു...
പക്ഷെ...ഓടാതെ പറ്റില്ല.
ഒരന്ഗലാപ്പ്....
ദൈവികതയും മാനവികതയും,
സ്നേഹവും, ബന്ധങ്ങളും....?
കലിയുഗം...
ശപിക്കാത്തവരും ഏറെ.
പ്രണയത്തിനു വാര്‍ധക്യം,
തെറ്റി...തിരുത്തണം...
ബലിതര്‍പ്പണവും കഴിഞ്ഞു...
ദുഖ: ഭാരം ....
കാലടിയിലരക്കപ്പെട്ട ഒരു കരിയില
കൈപ്പിടിയിലായപ്പോള്‍ ഒന്നു നോക്കി.
കണ്ടു.....കൊഴിഞ്ഞ ഒരു നിറയൗവനം.
....എവിടെ മരം ....
നല്ലമരം...പക്ഷെ....
ഇലയില്ല, പച്ചയില്ല, വരണ്ടുണങ്ങി
ജീവവായുനല്‍കാതെ....സമരമാണോ....
......
അല്ല ഒരു കാലമാറ്റം....
വൈകാതെ, പൂക്കും കായ്ക്കും
....നല്ല നിറവസന്തം....
സന്തുലനത്തിനായി....വീണ്ടും എത്തും,
ഒരു ഇലപൊഴിയും കാലം....

Monday, July 18, 2011

ശ്വാനന്‍





പൊടിമണലും എരിഞ്ഞഎണ്ണതന്‍ ഗന്ധവും
ഓടയും, തകര്‍ന്നൊരു കടത്തിണ്ണയും
ഓടിയും നടന്നും തളര്‍ന്നൊരുനേരം
കണ്ടതിന്‍ ചന്തവും ചേതനയും
നിദ്ര.........

ജന്മത്തിനൊരു പഴി
ശ്വാനജന്മത്തിനൊരു പഴി
കാഴ്ചയില്‍ മൂര്‍ച്ചയേറും കല്ലും കരങ്ങളും
പുനര്‍ജന്മത്തിനായൊരു യാചന
ഒരു തേങ്ങല്‍..........

സൃഷ്ടാവിന്‍റെ കൈപ്പിഴയോ
അതോ സൃഷ്ടിതന്‍ മറിമായമോ
ജന്മപാപങ്ങളോ...
നിദ്ര വെടിഞെണീറ്റൊരു നേരം
ഭയാനകം...........

നരജന്മമല്ലേ....! ശ്വാനനല്ലല്ലോ ?
പറയാനില്ല മോഹവും അഭിലാഷവും
കേഴുന്നു...... ഒരു പുനര്‍ജന്മം
ആഗ്രഹങ്ങളില്ലാത്ത ശ്വാനജന്മം.

Friday, July 15, 2011

അവള്‍







വിപത്തുകളെ അവള്‍ക്കു കാണും വിധം
ചുവരുകളില്‍ രേഖപ്പെടുത്തിയിരിക്കുന്നു.
കറിക്കറ പുരണ്ട സാരിത്തലപ്പിലെങ്ങോ
പറയാന്‍ മുറ്റിനിന്നതും ഇതുതന്നെ
ദ്രവിച്ച് ജീര്‍ണിച്ച മച്ചിന്‍ പലകയ്ക്കു താഴെ
പുകമറയ്ക്കുള്ളില്‍ നിന്നും അവളിതെന്നോട് പറയുന്നുണ്ടായിരുന്നു .

ഇലച്ചൂടിന്‍റെ സത്തിനെ സാക്ഷിനിര്‍ത്തി
ഒരു ദിനാന്ത്യത്തിന്‍റെ സാകഷ്യപ്പെടുത്തലിലൂടെ കണ്ണോടിച്ചപ്പോള്‍
ചെറുതായനുഭവപ്പെട്ട ശാരീരികവേദനപോലും
അവള്‍ സൂചിപ്പിച്ച കാലമാറ്റത്തിന്‍റെതായേക്കാം
അന്യാധീനപ്പെട്ടുപോയ യൗവനത്തില്‍നിന്നും
പ്രതീക്ഷകളുടെ വാര്‍ധക്യത്തിലേക്കുള്ള കാലമാറ്റം

അവള്‍ സ്വപ്നങ്ങളെ എഴുതി സൂക്ഷിച്ചിരുന്നിരിക്കണം
രക്തക്കറയെ സസൂക്ഷ്മം വീക്ഷിച്ച നാളുകളിലെങ്ങോ-
രഹസ്യമായ് പുസ്തകത്താളുകളിലൊന്നുമിത് രേഖപ്പെടുത്തിയിട്ടില്ല
ഒരു നേരമ്പോക്കിനെന്നോണം രവിയോടും നീലിയോടു പോലും
(വീട്ടിലെ സുപരിചിതമായ രണ്ടു ഗൌളിക്ക് അവളിട്ട പേര് )
അവളിതു പറഞ്ഞിട്ടുണ്ടാവില്ല

കണ്ണാടിയിലെ മൂന്ന് പൊട്ടുകള്‍ക്കിടയില്‍
ശംഖൊലി കേട്ടുണരാത്ത പ്രഭാതങ്ങളില്‍
എണ്ണ തൂവാത്ത മുടിയിഴകളിലെ ജരാനരകളില്‍
ഏറെ നേരം സംസാരിച്ചിരിക്കാത്ത മൗനത്തില്‍
അവള്‍ പറഞ്ഞ കാലമാറ്റത്തെ ദര്‍ശിച്ചു

ഒരുപക്ഷെ അവള്‍ക്കു പറയാനുള്ളതൊക്കെയും
അവള്‍ക്കു മാത്രം മനസ്സിലാവുന്ന ഭാഷയിലിവിടെ ചിതറിക്കിടന്നിരിക്കണം
മുഷിഞ്ഞ വസ്ത്രങ്ങളിലും കറിക്കൂട്ട്‌കള്‍ക്കിടയിലും
കിടപ്പറയ്ക്കരികിലെ അലമാരയ്ക്കത്തും
അതിലെ വാക്കുകള്‍ ചിതറിക്കിടക്കുന്നുണ്ടാവണം

അവളിലെ ഭാവുകത്വത്തെ സ്വാംശീകരിക്കാനുള്ള വ്യഗ്രതയില്‍
സസൂക്ഷ്മം അവയൊക്കെ കൂട്ടിവായിക്കുമ്പോഴും
ചില വാക്കുകള്‍ ഇടയില്‍ വച്ച് മുറിഞ്ഞുപോയിരിക്കുന്നു
ഒരു പക്ഷെ ....അവയൊക്കെ എഴുതിയത്
എന്‍റെ ഹൃദയത്തിലാവാം.......